ഇത് കുട്ടിക്കളിയല്ല, ജനങ്ങള്‍ നീറിപ്പുകയുകയാണ്; കോടതിയില്‍ നേരിട്ട് ഹാജരാകാത്ത കളക്ടര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ഹൈക്കോടതിയുടെ വിമര്‍ശനം. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോള്‍ കോടതിയില്‍ നേരിട്ട് എത്താതെ ഓണ്‍ലൈനിലാണ് കളക്ടര്‍ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കളക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായത് എന്നുമാണ് കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യം. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍, സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടര്‍ വ്യക്തമാക്കി. അതിനിടെ, ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ നല്‍കിയ കരാറും കഴിഞ്ഞ 7 വര്‍ഷം ഇതിനായി ചെലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാന്‍ കോര്‍പറേഷന് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതായിരുന്നു കോടതിയുടെ ചോദ്യം.കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. തീപ്പിടിത്തം സംബന്ധിച്ചു റിപ്പോര്‍ട്ട് കോര്‍പറേഷന്‍ ഹാജരാക്കേണ്ടതുണ്ട്. കോര്‍പറേഷന്റെ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുക.