ബ്രഹ്മപുരം തീപ്പിടുത്തത്തില്‍ ഉയര്‍ന്നത് ഡയോക്‌സിന്‍ സംയുക്തം; കൊച്ചി വലിയ വെല്ലുവിളിയിലേക്കോ?

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തെത്തുടര്‍ന്നുള്ള ഡയോക്‌സിന്‍ ബഹിര്‍ഗമനം കൊച്ചിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഡയോക്‌സിന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആ പ്രദേശത്ത് മാത്രമൊതുങ്ങാതെ ഭക്ഷ്യവസ്തുക്കളില്‍ കലര്‍ന്നും, മത്സ്യം, മാംസം, പാല്‍ എന്നിവ വഴി വരെ പല സ്ഥലങ്ങളിലുള്ള മനുഷ്യരുടെ ശരീരത്തിലേക്കെത്തും. കാലങ്ങള്‍ നിലനില്‍ക്കുകയും തലമുറകളിലേക്ക് ഇത് വിപത്ത് പടര്‍ത്തുകയും ചെയ്യും.

കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുല്‍പാദന തകരാറുകളുടെയും കാന്‍സറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും കാരണമാകുന്ന രാസവസ്തുവാണ് ഡയോക്‌സിന്‍. മുന്‍ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായതിനാല്‍ ഇതുപോലൊരു പ്രശ്‌നത്തിന്റെ ആരോഗ്യഡാറ്റയോ വിവരങ്ങളോ നിലവില്‍ അധികൃതരുടെ പക്കലില്ല. കൂടാതെ, മാലിന്യം കത്തിയതിന്റെ മറ്റു വിഷാംശങ്ങള്‍ ജലാശയങ്ങളില്‍ കലരുന്നതിന്റെ വെല്ലുവിളികള്‍ വേറെയാണ്.

ബ്രഹ്മപുരം ബാക്കിവെക്കുന്നത്…

ഏറ്റവും കൂടുതല്‍ അപകടകാരിയാണ് ഡോയക്സീനുകള്‍. ജലത്തില്‍ അലിയാത്ത ഇവ ശരീരത്തില്‍ എത്തിയാല്‍ പിന്നെ പുറത്ത് പോകാന്‍ ബുദ്ധിമുട്ടാണ്. കൊഴുപ്പ് കോശങ്ങള്‍ വളരെ വേഗം ആഗിരണം ചെയ്യുന്ന ഡയോക്സീനുകള്‍ക്ക് 7 മുതല്‍ 9 വര്‍ഷം വരെ മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കും. ശരീരത്തില്‍ തുടരുന്ന ഡയോക്സീനുകള്‍ വളരെ പതിയെ രോഗങ്ങള്‍ ഉണ്ടാക്കുന്നു. വന്ധ്യത, ക്രമം തെറ്റിയ ആര്‍ത്തവം, കുട്ടികളുടെ വളര്‍ച്ച, രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുക എന്നിവ ഡയോക്സിനുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.

പതിവായി ഡയോക്സിനുകള്‍ ഉള്ള അന്തരീക്ഷ സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയും കൂടുതലാണ്. പെണ്‍കുട്ടികള്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ ആര്‍ത്തവം ആരംഭിക്കുക, പുരുഷ ഹോര്‍മോണുകളുടെ കുറവ്, മീശ താടിരോമങ്ങള്‍ അല്ലെങ്കില്‍ ശരീരത്തില്‍ രോമങ്ങളുടെ അഭാവം. ചെറിയ പ്രായത്തില്‍ ഉണ്ടാകുന്ന അണ്ഡാശയ ക്യാന്‍സര്‍ എന്നിവയൊക്കെ ഡയോക്സീനുകള്‍ക്ക് സൃഷിടിക്കാനാകുന്ന പ്രശ്നങ്ങളാണ്. പോളിക്ലോറിനേറ്റഡ് ഡിബെന്‍സോ-പി-ഡയോക്സിന്‍സ് വിഭാഗത്തില്‍ പെടുന്ന രാസ സംയുക്തമാണ് ഡയോക്സിന്‍. വാതക രൂപത്തില്‍ നിന്നും ഖരാവസ്ഥയിലേക്ക് മാറുന്ന ഡയോകസീനുകള്‍ മണ്ണില്‍ കലരുകയും അവിടെ നിന്ന് ചെടികളിലും ജീവികളിലും കലര്‍ന്ന് ഭക്ഷ്യ ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നു. മാംസം, പാല്‍, മത്സ്യം, വെള്ളം, വായു എന്നിവയിലൂടെ ഡയോക്സിന്‍ ശരീരത്തില്‍ പ്രവേശിക്കാം. ഇവ അതിശക്തമായ കാര്‍സിനോജനുകളായാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.