കേരളത്തിലെ ആദ്യത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാം.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരും. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതില്‍ പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടി വരിക.
സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയതിനാല്‍ ഇവയും ഉടന്‍ പൊളിക്കേണ്ടിവരും. ഇത്തരത്തില്‍ പൊളിക്കാനായി 2506 സര്‍ക്കാര്‍ വാഹനങ്ങളുമുണ്ട് കേരളത്തില്‍. ഇങ്ങനെ പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്പനികള്‍ പുനരുപയോഗത്തിന് ഏറ്റെടുക്കും. 2021 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

