കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ന്യൂയോർക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി. കളക്ടർ എൻ എസ് കെ ഉമേഷാണ് ഇക്കാര്യം അറിയിച്ചു. പ്ലാന്റിലെ 95 ശതമാനം തീയും അണച്ചതായും അദ്ദേഹം പറഞ്ഞു. തീ പൂർണമായി അണച്ച സെക്ടർ 6,7 മേഖലകളിൽ രണ്ട്, മൂന്ന് ഏക്കറുകളിൽ വീണ്ടും തീ പിടിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്നും അവിടങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മപുരത്തെ സാഹചര്യം സംബന്ധിച്ച് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി കളക്ട ഇന്ന് പുലർച്ചെ ഓൺലൈനിൽ ചർച്ച നടത്തി. പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.
തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി. തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്‌നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.
തീ പൂർണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളിൽ അഗ്‌നിശമന പ്രവർത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി. റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

