സഭ തർക്ക പരിഹാരത്തിന് നിയമ നിർമാണം; സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓർത്തഡോക്‌സ് സഭ

കൊച്ചി: സഭ തർക്ക പരിഹാരത്തിന് നിയമ നിർമാണം നടത്താനുള്ള സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓർത്തഡോക്‌സ് സഭ രംഗത്ത്. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ഓർത്തഡോക്‌സ് സഭാ നേതൃത്വം ഉന്നയിക്കുന്ന ആവശ്യം.

വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും നിയമനിർമ്മാണ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സഭയുടെ കീരുമാനം. ഇതിന് പുറമെ, തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്തും.

നിയമനിർമ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്താൻ സഭ തീരുമാനിച്ചത് കോട്ടയത്ത് ചേർന്ന സഭ സുന്നഹദോസിന്റെയും പ്രവർത്തക സമിതിയുടെയും സംയുക്ത യോഗത്തിലാണ്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം ആണോ ഇപ്പോൾ നടത്തുന്നത് എന്ന് സംശയമുണ്ടെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.