കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം നടത്തി റഷ്യ. യുക്രൈൻ തലസ്ഥാന നഗരിയടക്കമുള്ള ജനവാസ പ്രദേശങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയിരിക്കുകയാണ്. ആക്രമണത്തിൽ ഏഴോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത് സപ്പോരിജിയ ആണവ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. യുക്രൈന്റെ ആരോപണങ്ങളെ നിഷേധിച്ച് റഷ്യ രംഗത്തെത്തി. ആറോളം കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചതായാണ് യുക്രേനിയൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കിൻസാൽ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ യുക്രെയിന്റെ പക്കലില്ല.
പടിഞ്ഞാറൻ ലിവിവ്, ഡിനിപ്രോ, കീവ് എന്നിവിടങ്ങളിലുള്ള പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിലേർപ്പെടുന്ന സൈനികരെ ലക്ഷ്യം വെയ്ക്കാതെ സാധാരണക്കാർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് യുക്രൈൻ വ്യക്തമാക്കി.

