തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായിപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടനിലക്കാരനായ വിജയ് പിള്ളയുടെ ഇടപെടലുകളിൽ ആവശ്യമെങ്കിൽ സംസ്ഥാന പോലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും ഇരുവരും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിക്കും സിപിഎമ്മിനുമിടയിൽ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവർത്തകനായ ഷാജ് കിരണിന്റെ പേരും ഉയർന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

