കോഴിക്കോട്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഷഹിൻ. മെഡിക്കൽ കോളജ് പൊലീസിനാണ് ഷഹിൻ പരാതി നൽകിയത്.
പകർച്ചവ്യാധി നിയന്ത്രണ മാനദണ്ഡങ്ങൾ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് പത്ര, ദൃശ്യമാധ്യമങ്ങളിലെ വാർത്തകളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ആളുകൾ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയിൽ ഉണ്ടായെന്നും ഓൺലൈനായി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കോവിഡ് മുക്തനായി ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒരേ വാഹനത്തിൽ ഭാര്യ കമലയും പോയ സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശിപറഞ്ഞു . ആശുപത്രിയിൽ കഴിയവെ മുഴുവൻ സമയവും ഭാര്യ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് കോവിഡ് പോസിറ്റിവായശേഷവും അവർ ഒരുമിച്ചായിരുന്നു. അതിനാൽതന്നെ വാഹനത്തിൽ യാത്രചെയ്യുമ്പോൾ മാത്രം അകന്നുനിൽക്കേണ്ടതില്ല. മുഖ്യമന്ത്രിയും ഭാര്യയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് പോയത്. വാഹനത്തിലെ മറ്റു യാത്രക്കാരുടെ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.