വൈഗ കേസ്: താൻ മരിച്ചാൽ കുട്ടി ഒറ്റയ്‌ക്കാകുമോയെന്ന ആശങ്ക സാനുവിന് ഉണ്ടായിരുന്നുവെന്ന് പൊലീസ് കമ്മിഷണർ

കൊച്ചി:വൈഗ കേസ് കൊലപാതകമാണെന്നും സാനു മോഹൻ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ.കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നും താൻ മരിച്ചാൽ കുട്ടി ഒറ്റയ്‌ക്കാകുമോയെന്ന ആശങ്ക സാനുവിന് ഉണ്ടായിരുന്നുവെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സാനു മോഹന്റെ അറസ്റ്റ് രേപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ്. കൊലപാതകം സാനു ഒറ്റയ്‌ക്ക് നടത്തിയതാണ്, ഇതിൽ മറ്റാർക്കും പങ്കില്ല. തെളിവ് നശിപ്പിക്കാൻ സാനു മോഹൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലാണ് സാനു ഒളിവിൽ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ല. ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേതാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഗോവയിലെ ചൂതാട്ടങ്ങളിൽ സാനു സജീവമായിരുന്നുവെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു