കൊച്ചി: പൃഥ്വിരാജിന്റെ ഏകപക്ഷീയമായ തീരുമാനമല്ല ‘L2 എമ്പുരാൻ’ എന്നതിന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തത വരുത്തി. സിനിമയെച്ചൊല്ലി പൃഥ്വിരാജിനെ ഒറ്റയ്ക്കായി ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദത്തിന് വഴങ്ങിയല്ല സിനിമ റീ-എഡിറ്റ് ചെയ്തതെന്നും, അതു നിർമ്മാതാക്കളുടെയും സംഘത്തിന്റെയും സംയുക്ത തീരുമാനമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
“L2 എമ്പുരാൻ” ഒരു വ്യക്തിയെയോ സംഘടനയെയോ വേദനിപ്പിക്കാൻ വേണ്ടിയെടുത്ത സിനിമയല്ല. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമയുടെ നിർമ്മാണം. പ്രേക്ഷകർ ഇതിനകം തന്നെ ചിത്രം സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥ അറിഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്നും ആന്റണി കൂട്ടിച്ചേർത്തു.
മേജർ രവിയുടെ വിമർശനത്തെക്കുറിച്ച് പ്രതികരിക്കേണ്ടവർ താനല്ലെന്നും, സിനിമയിലെ വില്ലന്റെ പേര് റീ-എഡിറ്റിംഗിൽ മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും നീക്കം ചെയ്തിട്ടുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്നതായി ആരോപണമുണ്ടായ രംഗങ്ങളാണ് L2 എമ്പുരാനെ ചുറ്റിപ്പറ്റിയ വിവാദത്തിന് വഴിതെളിച്ചത്. വലതുപക്ഷ ഗ്രൂപ്പുകളും രാഷ്ട്രീയ നേതാക്കളും, പ്രത്യേകിച്ച് ആർഎസ്‌എസ്, സിനിമ ‘ഹിന്ദു വിരുദ്ധ’ ആഖ്യാനം ഉൾക്കൊള്ളുന്നുവെന്നത് ശക്തമായി വിമർശിച്ചു.