പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.