തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

400-ലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1976-ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1979-ൽ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

തമിഴിന് പുറമെ, തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചു.