തൃശൂർ: മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത ധന്യാ മോഹനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. നാല് കാറും ആഡംബര വീടുമാണ് തട്ടിപ്പിലൂടെ നേടിയ പണമെടുത്ത് ധന്യ വാങ്ങിയത്. മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജരായിരുന്നു ധന്യ മോഹൻ.
കഴിഞ്ഞ ദിവസം ധന്യ പോലീസിൽ കീഴടങ്ങിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ധന്യയെ ചോദ്യം ചെയ്യുന്നത്. തട്ടിയെടുത്ത പണം ആഡംബര വീടും കാറും വാങ്ങാനും ഓൺലൈൻ ട്രേഡിങ്ങിനും ചെലവഴിച്ചതായാണ് കണ്ടെത്തൽ.
ധന്യ ആഡംബര വീട് നിർമിക്കുന്നത് കൊല്ലത്താണ്. ഇവിടെ പാർക്കിങ്ങിനായി മാത്രം സ്ഥലം വാങ്ങിയിട്ടുണ്ട്. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് 2 കോടി രൂപയുടെ ദുരൂഹ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. സ്വന്തം പേരിലുള്ള അഞ്ച് അക്കൗണ്ടുകൾ അടക്കം 8 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം കൈമാറ്റം ചെയ്തിരിക്കുന്നത്.

