ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം. അതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംപററി പ്ലഷേഴ്‌സ് എന്നു കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ചാണ് വിജയ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

