സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്; നിലവില്‍ 348 കേസുകള്‍, ഏറ്റവും കൂടുതല്‍ ബാങ്കില്‍

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിലുള്ളത് 348 കേസുകളാണെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്‍സ്യൂമര്‍ ഫെഡില്‍ 29 കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. സഹകരണ മേഖയിലെ വിജിലന്‍സ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് റിസ്‌ക്ക് ഫണ്ടിന്റെ പരിരക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് വിദ്യാഭ്യാസ വായ്പ നല്‍കുന്നത് പരിഗണിക്കും. കേരള ബാങ്കിലെ 1600 തൊഴിലവസരങ്ങള്‍ ഒരു മാസത്തിനകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും എന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.