തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ട: സി.ഒ.ടി.നസീര്‍

കണ്ണൂർ:  തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന  ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തലശേരിയിൽ മത്സരിക്കുന്ന സി.ഒ.ടി.നസീര്‍.തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല.

പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

സൂഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഒ.ടി.നസീറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും പ്രചാരണത്തിന് പിന്തുണ ബി.ജെ.പി നൽകിയില്ലെന്നുമാണ് സി.ഒ.ടി നസീർ പറയുന്നത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു.