ഫോണിലേക്ക് അനാവശ്യമായി വരുന്ന കോളുകൾ സന്ദേശങ്ങളും വരാറുണ്ടോ. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാരെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കുമാണ് തടയിടുക. ഇതിനുള്ള മാർഗനിർദേശങ്ങളുടെ കരട് കേന്ദ്രസർക്കാർ തയ്യാറാക്കിയതായാണ് വിവരം.
കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഫെബ്രുവരിയിൽ ഉപഭോക്തൃ മന്ത്രാലയം രൂപം നൽകിയ സബ് കമ്മിറ്റിയാണ്. മെയ് 10ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബിഎസ്എൻഎൽ, വോഡഫോൺ, റിലയൻസ്, എയർടെൽ എന്നിവരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്കെത്തുന്ന കോളുകളുടെ ഉപയോഗം, ആവശ്യവും അനാവശ്യവുമായവ വേർതിരിക്കാനും നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമുള്ള മാർഗ നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

