പാരീസ് ഒളിംപിക്‌സ്; ഗുസ്തിയിൽ ഇന്ത്യയ്ക്ക് നിരാശ, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരീസ്: പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി.

ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.

ഒളിംപിക്‌സ് നിയമങ്ങൾ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അർഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വർണം നേടും. ഈ വിഭാഗത്തിൽ വെള്ളി മെഡൽ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തിൽ തോറ്റവർ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് നൽകുന്നത്.