ട്വന്റി 20 ലോകകപ്പ്; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യ. 47 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. അഫ്ഗാന്റെ ടോപ് സ്‌കോറർ അസ്മത്തുല്ല ഒമർസായിയാണ്. 20 പന്തിൽ 26 റൺസ് അസ്മത്തുല്ല ഒമർസായി നേടി. അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറർമാർ നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) തുടങ്ങിയവരാണ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളിൽ (4 ഓവർ) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.