ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യു.എസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം ബുധനാഴ്ച. എട്ട് റൗണ്ടിലെ ആദ്യമത്സരമാണിത്. രാത്രി എട്ടുമുതൽ നോർത്ത് സൗണ്ടിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വ്യാഴാഴ്ച പുലർച്ചെ ആറിന്, ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം അരങ്ങേറുക.
സൂപ്പർ എട്ട് പോരാട്ടം രണ്ടു ഗ്രൂപ്പുകളായാണ് നടക്കുക. ഓരോ ഗ്രൂപ്പിലും നാലു ടീമുകൾവീതം ഉണ്ടാകും. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് എ-യിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ടീമുകളുമുണ്ട്.
ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകളുമായി കളിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം സെമിഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞദിവസം നേപ്പാളിനെ 21 റൺസിന് തോൽപ്പിച്ചതോടെയാണ് ബംഗ്ലാദേശ് സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചത്.