ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചേക്കും; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. കൊൽക്കത്തയെ ഈ സീസണിൽ ഐപിഎൽ ചാംപ്യൻമാരാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഗംഭീർ ആണ്. ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ഗംഭീർ ചർച്ച നടത്തിയിരുന്നു.

ബിസിസിഐയുമായി അടുപ്പമുള്ള മുതിർന്ന കമന്റേറ്റർമാരിൽ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തിൽ നിർണായകമായെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനിടെ ഗംഭീർ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതിന് പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാാരക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല.