ന്യൂഡൽഹി: 2024-25 സീസണിൽ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള നീക്കവുമായി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ കളിക്കാർക്ക് മതിയായ സമയം ലഭിക്കുന്നതിനും സീസണിലുടനീളം മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം സ്വീകരിക്കാനൊരുങ്ങുന്നത്.
ബിസിസിഐ സീസണിലെ ആഭ്യന്തര മത്സരങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരടുനിർദേശം അപെക്സ് കൗൺസിലിന് അയച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ ചർച്ച നടത്തിയിട്ടുണ്ട്.
രഞ്ജി ട്രോഫി വൈറ്റ് ബോൾ ടൂർണമെന്റുകളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയോടൊപ്പം തന്നെ ആരംഭിക്കാനാണ് നീക്കം. ആദ്യ അഞ്ച് ലീഗ് രഞ്ജി ട്രോഫി മത്സരങ്ങൾ സീസണിന്റെ ആദ്യത്തിലും ശേഷിച്ച രണ്ട് ലീഗ് മാച്ചുകളും നോക്കൗട്ടും സീസണിന്റെ അവസാനത്തിലും നടക്കും. രഞ്ജി ട്രോഫി രണ്ടാംഘട്ടം വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷമാണ് നടക്കുക.