ന്യൂഡല്‍ഹി: ആണവായുധങ്ങളുടെ ഭീഷണി ഇനി അനുവദിക്കാനാകില്ലെന്നും, തീവ്രവാദവും വാണിജ്യവും ഒരുമിച്ച് തുടരാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സിന്ധുനദീജല കരാറിൽ മാറ്റം വരുത്താനുള്ള സാധ്യത നിഷേധിച്ച അദ്ദേഹം, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഉറച്ച നിലപാടും വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച രണ്ടുദിവസത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.
ഇനി ഇന്ത്യയുടെ ചർച്ച പാക് അധിനിവേശ കശ്മീരിനെയും തീവ്രവാദത്തിനെയും കുറിച്ചായിരിക്കുമെന്നും മോദി വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും, നിലവിലുള്ളത് ഒരു ഇടവേള മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കാലഘട്ടത്തിലെ യുദ്ധസാധ്യതകളിൽ ഇന്ത്യ ആധിപത്യം തെളിയിച്ചുവെന്നും, ഭീകരവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്നു സേനാപ്രമുഖന്മാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി, റോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തിരിച്ചടിക്ക് സൈന്യത്തിന് സ്വതന്ത്രത നൽകി. അതനുസരിച്ചാണ് മെയ് 7ന് പുലർച്ചെ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലായി 21 ലക്ഷ്യങ്ങളിൽ ആക്രമണം നടന്നത്. നൂറിലേറെ ഭീകരരെ ഇന്ത്യ തൂത്തെറിഞ്ഞു.
പാകിസ്ഥാനിലെ വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചിരുന്നു. പാക് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മുന്നിൽ പാകിസ്ഥാൻ പിന്മാറി. പാക് യുദ്ധവിമാനങ്ങളേയും ഇന്ത്യ വെടിവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ നിലവിൽ വന്നു.