ദില്ലി: പാകിസ്ഥാനെതിരായി ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാനുള്ള ധനസഹായം നിർത്താനും എഫ്എടിഎഫ് ഗ്രേ പട്ടികയിൽ പാകിസ്ഥാനെ തിരിച്ചെടുത്തു ചേർക്കാനുമാണ് നീക്കം. അതേസമയം, പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചു. ഈ നീക്കം പ്രകോപനമായി കാണുന്നുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ റഫാൽ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന പാക് ആരോപണം സർക്കാർ തള്ളി. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചു. പഹൽഗാം ആക്രമണത്തിൽ ബന്ധമുള്ളവർക്കായി അനന്ത്നാഗ് മേഖലയിൽ തിരച്ചിൽ തുടരുകയാണ്. അതിർത്തികളിലും ടൂറിസം മേഖലകളിലും ജാഗ്രത ശക്തമാക്കിയതോടെ സന്ദർശകരുടെ വരവിൽ കുറവുണ്ടായി.