ദില്ലി: സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ ചർച്ച ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ കടുത്ത പ്രതികരണവുമായി മുന്നോട്ടുവന്നു. ഇന്ത്യ വെള്ളം നിഷേധിച്ചാൽ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാകിസ്ഥാൻ ഒരു ആണവശക്തിയാണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതേ പശ്ചാത്തലത്തിൽ, കഴിഞ്ഞ രാത്രിയിലും നിയന്ത്രണ രേഖയിലുണ്ടായ പ്രകോപനം ഇന്ത്യ ഗുരുതരമായി കൈകാര്യം ചെയ്തു. പാകിസ്ഥാൻ ഭാഗത്തുനിന്ന് വെടിവെപ്പ് റിപ്പോർട്ട് ചെയ്തതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കശ്മീർ തർക്കവുമായി ബന്ധപ്പെടുത്തി ഭീകരാക്രമണത്തെ വ്യാഖ്യാനിച്ചു. സംഭവം വളരെ മോശമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, കശ്മീരിൽ നടക്കുന്ന ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പുൽവാമ ജില്ലയിൽ രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. അഹ്സാൻ ഉൽ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംശയിക്കുന്നതായി ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷാ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചു. അമർനാഥ് യാത്രയുടെ മുന്നൊരുക്കമായാണ് ഈ നടപടി.
ഇന്ത്യ, രാജ്യത്തെ വിനോദസഞ്ചാര മേഖല പൂര്‍ണമായും സുരക്ഷിതമാണെന്ന് ലോക രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കർശന മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കരുതെന്ന് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യം ഉന്നയിച്ചു.