ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കലിമ ചൊല്ലിയതിനാൽ ആയിരുന്നു എന്ന് അസമിലെ കോളേജ് അധ്യാപകൻ ദേവാശിഷ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു. ഇസ്ലാമിക പ്രാർത്ഥനകളെക്കുറിച്ചുള്ള തന്റെ അറിവ് തന്നെ ഭീകരരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അസം സർവകലാശാലയിലെ ബംഗാളി അധ്യാപകനായ 58 വയസ്സുകാരനായ പ്രൊഫസർ ദേവാശിഷ് ഭട്ടാചാര്യ, ഭാര്യ മധുമിതയും മകൻ ദ്രോഹദീപുമായ് കാശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ വെടിയൊച്ച കേട്ടു. ആദ്യം ഇത് വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വനവകുപ്പ് നടത്തിയ ബ്ലാങ്ക് ഷോട്ടാണെന്നു കരുതിയെങ്കിലും, പിന്നീട് ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ചുകൊല്ലുന്നത് നേരിട്ട് കണ്ടു.
ആശങ്കയോടെ കുടുംബം രക്ഷപെടാൻ ഓടി അടുത്ത മരത്തിനടിയിൽ ഒളിച്ചിരിക്കുന്നു. അതിനിടെ ഒരു തോക്കധാരിയെത്തി സമീപവാസികളിൽ ഒരാളെ വെടിവെച്ചു. തുടർന്ന് കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ടപ്പോൾ, സമീപവാസികൾ ചൊല്ലിയതും പിന്നീട് ദേവാശിഷ് ഭട്ടാചാര്യയും ഇസ്ലാമിക പ്രാർത്ഥന ഒച്ചകുറച്ച് ചൊല്ലിയതും ഇയാളെ രക്ഷിക്കുകയായിരുന്നു. ഭീകരർ അദ്ദേഹത്തെ വെടിവെയ്ക്കാതെ വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ മധുമിത ഭട്ടാചാര്യ അതിവേഗം തന്റെ മതപരമായ തിരിച്ചറിവ് മറച്ചു. ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളായ വളകളും സിന്ദൂരവും നീക്കം ചെയ്താണ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത്.
ഭീകരർ സ്ഥലമൊഴിയുകയും, പിന്നീട് ഇവർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. വേലികൾ ചാടിക്കടന്ന് കുതിരപ്പാതയിലൂടെ 2.5 കിലോമീറ്റർ നടന്ന്, നാട്ടുകാരുടെയും ഗൈഡിന്റെയും സഹായത്തോടെ ശ്രീനഗറിലെ ഹോട്ടലിൽ എത്തുകയായിരുന്നു.
ഈ ആക്രമണം രാജ്യത്ത് മതസമരങ്ങൾക്കായി ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദൃക്സാക്ഷികൾ പറയുന്ന വിവരങ്ങൾ തെളിയിക്കുന്നു. കൊല്ലപ്പെട്ട കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ സഹോദരി ഷാംഭവി, കലിമ ചോദിച്ചപ്പോൾ തങ്ങൾ ആദ്യം തമാശയായി കാണുകയായിരുന്നു എന്നും പിന്നീട് ഭീകരർ വീണ്ടും ചോദ്യം ആവർത്തിച്ച് വെടിവെച്ചതായും പറയുന്നു.
ഗുജറാത്തിലെ ശൈലേഷ് കൽത്തിയും ഭാര്യയുമായിരുന്നു പഹൽഗാമിൽ. അവിടെയും ഭീകരർ ആളുകളെ മതം നോക്കി തിരിച്ചു നിർത്തിയെന്നും കലിമ ചൊല്ലാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം ഭാര്യ ശീതൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊല്ലാത്തവർ വെടിവെച്ച് കൊല്ലപ്പെട്ടു.