ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മുഖ്യമന്ത്രി

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനാചരണത്തിന്റേയും റവന്യു അവാർഡ് വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യക്ഷമവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ഇവിടെ നൽകുന്ന റവന്യു അവാർഡുകൾ എല്ലാവർക്കും പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാറുന്നു, വലിയ തോതിൽ വളരാനുള്ള ഒരു തയ്യാറെടുപ്പിലാണ് നാട്.  അതിന് ഏറ്റവും നല്ല രീതിയിൽ പങ്ക് വഹിക്കുന്ന വകുപ്പാണ് റവന്യു വകുപ്പ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളിൽ ആരോഗ്യകരമായ ഇടപെടലുകൾ റവന്യു വകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവേ നല്ല രീതിയിലാണ് ഇത്തരം കാര്യങ്ങളിൽ ഇടപെട്ടുപോരുന്നത്. നാടിന്റെ പൊതുസാഹചര്യം മാറ്റുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നല്ല രീതിയിലുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടേണ്ട ഒരു വകുപ്പാണ് റവന്യു വകുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർവീസിലുള്ള മഹാഭൂരിപക്ഷവും സത്യസന്ധമായി, കളങ്കരഹിതമായി തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നവരാണ്. സ്തുത്യർഹമായ അവരുടെ ഇടപെടലുകളാണ് നമ്മുടെ നാടിന്റെ വലിയ മാറ്റത്തിന് ഇടയാക്കിയിട്ടുള്ളത്. നയപരമായ തീരുമാനങ്ങൾ മന്ത്രിസഭ എടുക്കുമെങ്കിലും ആ നയങ്ങൾ പ്രാവർത്തികമാക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഭരണനടപടികളുടെ ശരിയായ സ്വാദ് അനുഭവിക്കാൻ കഴിയുക എന്നത് ഏറ്റവും പ്രധാനമാണ്. ഒരു കാര്യത്തിന് പലവട്ടം ഓഫീസിൽ കയറി ഇറങ്ങേണ്ടിവരുക. ചില തെറ്റായ ആവശ്യങ്ങൾ ചിലരിൽനിന്ന് കേൾക്കേണ്ടിവരുക തുടങ്ങിയവയെല്ലാം പൊതുവേ വലിയ അതൃപ്തിയാണ് ജനങ്ങളിൽ ഉണ്ടാക്കുക. അതല്ല നമ്മൾ ആഗ്രഹിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ചെറുയൊരു വിഭാഗം മാത്രമാണ്. അവർ മഹാഭൂരിഭാഗം വരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് മനപ്രയാസിത്തിലാക്കുന്നത്. ദുഷ്പേര് ഒരാളിൽമാത്രം ഒതിങ്ങിനിൽക്കില്ല എന്നത് കാണേണ്ടതുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹപ്രവർത്തകർക്ക് തന്നെ അവിടെ പ്രതികരിക്കാൻ കഴിയണം.

ജനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങൾക്ക് ലഭിക്കണം. അതിനാണ് 900ത്തിലധികം സർവീസുകൾ ഇപ്പോൾ ഓൺലൈനാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളടക്കം സ്മാർട്ടായി മാറുകയാണ്. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ ഇതാണ് റവന്യു വകുപ്പിന്റെ ആപ്തവാക്യംതന്നെ. അതിനുതകുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ 2016 മുതലുള്ള കണക്കെടുത്താൽ 3,60,000ലധികം പട്ടയങ്ങൾ ഇപ്പോൾ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പംതന്നെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ രൂപീകരിച്ചത്. അതിൽതന്നെ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകിയാണ് പ്രവർത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.