ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം വേദികളിൽ നിന്ന് ജി സുധാകരൻ പൂർണമായും മാറ്റിനിർത്തപ്പെട്ട സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ സന്ദർശനം. എന്നാൽ, ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയുമായി ജി സുധാകരൻ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ വേണുഗോപാൽ നടത്തുന്ന സന്ദർശനം പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തുറക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ സന്ദർശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം അറിയിച്ചു.