ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി രജിസ്ട്രേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് കമ്മീഷൻ ടിവികെയെ ഔദ്യോഗികമായി അറിയിച്ചു. ടിവികെ തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് വിജയ് വ്യക്തമാക്കി. ആദ്യ വാതിൽ തുറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു രാഷ്ട്രീയമാണ് ലക്ഷ്യം. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുും. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും അദ്ദേഹം വിശദമാക്കി.
നേരത്തെ പാർട്ടിയുടെ പതാക വിജയ് പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പതാക. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് അന്ന് പറഞ്ഞിരുന്നു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

