തിരുവനന്തപുരം: വട്ടവടയിലെ ചിലന്തിയാറിൽ ജല വിഭവ വകുപ്പ് നിർമ്മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള വിയർ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളം തടയണ നിർമ്മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്കാത്ത തടയാൻ ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.
ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടവട പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനായി കണ്ടെത്തിയ ചിലന്തിയാറിൽ വെള്ളച്ചാട്ടം ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വിയർ നിർമ്മിക്കുന്നത്. ജലം പമ്പ് ചെയ്യുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണ് ഇതിന്റെ നിർമ്മാണം.
കുടിവെള്ള സ്രോതസ്സിൽ ജലത്തിന്റെ നിരപ്പ് ക്രമീകരിച്ചാൽ മാത്രമേ കുടിവെള്ളത്തിനായി പമ്പിങ് സാധ്യമാകൂ. ക്രമീകരിക്കപ്പെടുന്ന ജലം തമിഴ്നാട്ടിലെ അമരാവതി നദിയിലേക്ക് തന്നെ ഒഴുകിപ്പോകും.
പദ്ധതിയുടെ പ്രയോജനം പ്രധാനമായും ലഭിക്കുന്നത് ആദിവാസി മുതുവാൻ സമുദായത്തിൽ പെട്ടവർക്കാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

