തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ്ങിലൂടെ വിലകൂടിയ പ്രീമിയം ബ്രാൻഡ് മദ്യം വീടുകളിൽ എത്തിച്ച് നൽകുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉയർന്നത്. ദുരുപയോഗം തടയാൻ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈൻ ബുക്കിങ്ങിന് നിർബന്ധമാക്കിയേക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദ്ദേശവും ചില ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിലൂടെ മദ്യം വീടുകളിൽ എത്തിക്കുന്നത് സംബന്ധിച്ച് കരട് തയ്യാറാക്കി സിപിഎമ്മിലും ഇടത് മുന്നണിയിലും ഉൾപ്പെടെ ചർച്ചചെയ്ത ശേഷം ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
ഈ തീരുമാനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ തീരുമാനം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഈ തീരുമാനം നടപ്പാക്കാൻ ഒരുങ്ങുമ്പോൾ വലിയ എതിർപ്പുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈൻ ബുക്കിംഗ് ഡെലിവറി നടപ്പാക്കിയാൽ ബെവ്‌കോ, കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. 3000 പേർക്കെങ്കിലും ജോലി സാധ്യത ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം. പ്രീമിയം ബ്രാൻഡുകളുടെ വില്പന വർദ്ധിക്കുന്നതിലൂടെ സർക്കാരിന്റെ വരുമാനവും കൂടും.

