ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി എം വി ഗോവിന്ദൻ: വ്യാജ പ്രചാരണങ്ങളെന്ന് പ്രതികരണം

തിരുവനന്തപുരം: ബാർകോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച ആരംഭിച്ചിട്ടില്ല. ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന് ശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നൽകുന്നുവെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സർക്കാർ സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്പര്യമില്ല. 22 ലക്ഷം ആയിരുന്ന ബാർ ലൈസൻസ് ഫീസ് 35 ലക്ഷമാക്കി വർദ്ധിപ്പിച്ചു. മദ്യപാനം സംസ്ഥാനത്ത് കുറയുകയാണ് ചെയ്യുന്നത്. ആരോപണങ്ങളിൽ അടിസ്ഥാനം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

എക്സൈസ് വകുപ്പ് മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല. മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാർട്ടിയല്ല സിപിഎമ്മെന്നും എം വി ഗോവിന്ദൻ കുട്ടിച്ചേർത്തു.