ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കിൽ ജനങ്ങൾ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ പോലെയല്ല തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
ജനങ്ങൾക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ് ബിജെപിയുടെ നേതാവ് പറയുന്നത്. എന്നാൽ, അദ്ദേഹം ആകെ നല്ലത് ചെയ്യുന്നത് 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
മോദി പ്രവർത്തിക്കുന്നത് അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അവർ അദാനിക്ക് നൽകിക്കഴിഞ്ഞു. അതേസമയം, പാവപ്പെട്ടവർ ലോണോ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ എന്തൊക്കെ ചോദിച്ചാലും മോദി ഒന്നും ചെയ്യില്ല. ദൈവം നേരിട്ട് അയച്ച ഒരാൾ സമ്പന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണ്. ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളയും എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അവർ ഒരിക്കലും നമ്മുടെ ഭരണഘടനയെയോ ഇന്ത്യൻ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അവർ അത് തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻകൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ആയിരത്തോളം വർഷം പഴക്കമുള്ള നമ്മുടെ പൈതൃകത്തിന്റെ അടയാളമാണ്, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ഒക്കെ ജനക്ഷേമപരമായ ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ഭരണഘടന. അത് വെറുമൊരു പുസ്തകമല്ല. അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

