ഐടി പാർക്കുകളിൽ ഈ വർഷം തന്നെ മദ്യശാലകൾ അനുവദിക്കും: നിയമസഭാ സമിതി അംഗീകാരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഈ വർഷം തന്നെ മദ്യശാലകൾ അനുവദിക്കും. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ശേഷം ആയിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത്.

ഇക്കാര്യത്തിൽ പ്രതിപക്ഷ എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് മറികടന്നാണ് സർക്കാരിന്റെ നീക്കം. കഴിഞ്ഞ സർക്കാരാണ് ഐടി പാർക്കുകളിൽ മദ്യ വില്പന നടത്താനുള്ള തീരുമാനം സ്വീകരിച്ചത്. പിന്നീട് ലൈസൻസ് പരിധിയിൽ വ്യവസായ പാർക്കുകളെ കൂടി ഉൾപ്പെടുത്തി. ക്ലബ്ബുകൾക്ക് നൽകുന്ന ലൈസൻസ് ആയിരിക്കും. രാവിലെ 11 മണി മുതൽ രാത്രി 12 മണി വരെ ആയിരിക്കും ഇതിന്റെ പ്രവർത്തന സമയം. 20 ലക്ഷം ആയിരിക്കും ഫീസ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഐടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ ആയിരിക്കും നടത്തിപ്പ് അവകാശം നൽകുക. ബിയർ, വൈൻ, വിദേശ മദ്യം എന്നിവയെല്ലാം ഇവിടെ വിളമ്പാം. വിദേശമദ്യ ചില്ലറ വില്പന ശാലകൾക്കും കാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധിയും ഇവയ്ക്ക് ബാധകമല്ല. അതേസമയം സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഈ തീരുമാനത്തിലൂടെ ഐടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടുമെന്നും ഇത് സാംസ്കാരിക നാശത്തിന് വഴിവയ്ക്കും എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.