തലസ്ഥാനത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. ഇതിന്റെ വിശദമായ പദ്ധതിരേഖ അഥവാ ഡി.പി.ആർ തയ്യാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷൻ ചുമതലപ്പെടുത്തി. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണു തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്.
ഇതോടെ ഒരു പതിറ്റാണ്ടിലധികമായി ചർച്ച ചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കുമെന്നാണ് കെ എം ആർ എൽ വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന കേന്ദ്ര സർക്കാർ ഡി പി ആർ അംഗീകരിക്കുന്ന മുറയ്ക്കായിരിക്കും നിർമ്മാണം തുടങ്ങുക. മെട്രോയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുമ്പ് കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തിന്റെ സമഗ്ര ഗതാഗത പദ്ധതി രേഖ അവതരിപ്പിച്ചിരുന്നു.
ന്യൂഡൽഹി ആസ്ഥാനമായുള്ള അർബൻ മാസ്സ് ട്രാൻസിറ്റ് കമ്പനിയെയാണ് പിന്നീടുള്ള പഠനങ്ങൾക്ക് നിയോഗിച്ചത്. മെട്രോയ്ക്ക് പുറമേ ജില്ലയിലെയും നഗരത്തിലെയും ഗതാഗത പ്രശ്ന പരിഹാരത്തിനായി ഏഴു ഘട്ടങ്ങളിലായി 14000 കോടിയുടെ പദ്ധതി നടപ്പാക്കേണ്ടി വരുമെന്നാണ് യു എം ടി സി പഠന റിപ്പോർട്ട്.

