സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെങ്കിലും തൽക്കാലം വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. എന്നാൽ രാത്രി സമയത്ത് വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയിൽ വന്ന കുറവു മൂലം നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും അത് ഒഴിവാക്കാൻ ഉപയോക്താക്കൾ വൈദ്യുതി ബോർഡും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വർഷം ലഭിക്കേണ്ട മഴയേക്കാൾ എത്രയോ കുറവാണ് ഇതിനോടകം സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. ഡാമുകളിൽ ആവശ്യത്തിനു വെള്ളം ഇല്ല. രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യം ഉയർന്നതിനാൽ വിലക്കയറ്റവും ക്ഷാമവും ഉണ്ടെന്നും വൈദ്യുതി ബോർഡ് അറിയിച്ചിരുന്നു.
ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ തന്നെ വലിയ മാറ്റമുണ്ടാക്കാനാകും. എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യർഥിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം 7 മുതൽ രാത്രി 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ് അഭ്യർഥിച്ചിരുന്നു. വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും അറിയിച്ചു. വൈദ്യുതി കമ്മി പരിഹരിക്കാൻ സഹകരിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

