കൊടകര കുഴൽപ്പണ കേസിൽ കുരുക്ക് മുറുകുന്നു; കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന് ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മൊഴി രേഖപ്പെടുത്താനായി കെ സുരേന്ദ്രനെ വിളിച്ചു വരുത്തേണ്ട തീയതി നിശ്ചയിച്ചിട്ടില്ല. ബിജെപിയുടെ മറ്റു നേതാക്കളെയും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. ചില മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

മൂന്നരക്കോടി വരുന്ന കുഴൽപ്പണകേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. നിർണായക വെളിപ്പെടുത്തലുകൾ ഇനിയും പുറത്തു വരാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.