സ്വര്‍ണകടത്ത് മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള പുസ്തകങ്ങളും എത്തിച്ചു

gold smuglling

കൊച്ചി : സ്വര്‍ണകടത്ത് മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച സൂചനയുണ്ട്. സാധാരണ സ്വര്‍ണക്കടത്തു കേസില്‍ അസാധാരണമായ തിടുക്കത്തോടെ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎക്കു കൈമാറിയതു രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. നയതന്ത്ര പാഴ്‌സലില്‍ നിന്ന് സ്വര്‍ണം പിടികൂടിയ കേസില്‍ എയര്‍ കാര്‍ഗോ ഏജന്റ്സ് അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രിവന്റീവ് കമ്മിഷണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍.കേസിലെ പ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ടി.എം.മുഹമ്മദ് അന്‍വര്‍, ടി.എം. സംജു, അബ്ദുല്‍ ഹമീദ്, പഴേടത്ത് അബൂബക്കര്‍, സി.വി. ജിഫ്‌സല്‍, ഹംസത് അബ്ദുസ്സലാം എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ, സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 5 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കള്‍ക്കു പിന്നാലെയാണ് അന്വേഷണസംഘം. ഇരുവര്‍ക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണു സംശയമുള്ളവരെ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു.