വനംവകുപ്പിന്റെ കസ്റ്റഡിയിലെ ദുരൂഹമരണം : പൊലീസ് അന്വേഷണം ആരംഭിച്ചു

pathanamthitta

പത്തനംതിട്ട : വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു. നര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ നാട്ടുകാര്‍ ദൂരൂഹത ആരോപിക്കുന്നുണ്ട്. മത്തായി മരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ 7 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത അവധിയിലാണ്. ഇതില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മറ്റ് ഉദ്യേഗസ്ഥരുടെ മൊഴി വരും ദിവസങ്ങളിലായിരിക്കും രേഖപ്പെടുത്തുക. നിലവില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.