റാഫേല്‍ വിമാനങ്ങളിലെ മലയാളി സ്പര്‍ശം

raphel

കണ്ണൂര്‍: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തിയപ്പോള്‍ പൈലറ്റ് സീറ്റില്‍ മലയാളിയായ വിവേക് വിക്രവുമുണ്ടായിരുന്നു. റഫാലെത്തുമ്പോൾ മലയാളികൾക്ക് സ്വകാര്യമായി അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 2018ൽ ഫ്രാൻസിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റാഫേല്‍ പറത്തിയതും ഇന്ത്യാക്കാരനും കണ്ണൂര്‍ സ്വദേശിയുമായ രഘുനാഥ് നമ്പ്യാരാണ്. റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരനും എയർ മാർഷൽ റാങ്കിലുള്ള ആദ്യ വൈമാനികനും രഘുനാഥനാണ്.’റഫാലിന്റെ വരവ് നമ്മെ കരുത്തരാക്കും. ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ആലോചിക്കുന്നവര്‍ ഇനി ഒന്നല്ല, പലവട്ടം ചിന്തിക്കും. ഒരേസമയം മൂന്നു നാലു കാര്യങ്ങള്‍ ചെയ്യാന്‍ റഫാലിനാകും’ ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (ഡിസിഎഎസ്) ആയി വിരമിച്ച രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാനുമായും ചൈനയുമായും പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പര്‍വതനിരകള്‍ക്കു മുകളിലെ ഇന്ത്യയുടെ മുന്നണി പ്പോരാളിയാകും ഇനി റഫാലെന്ന് രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു. യുദ്ധമൊഴിവാക്കാന്‍ രാജ്യത്ത് ശക്തമായ വ്യോമസേന അനിവാര്യമാണെന്നും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇനി മറ്റുള്ളവര്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച് ഒരു വര്‍ഷമായെങ്കിലും വിശ്രമിക്കാനായിട്ടില്ല ഈ മുന്‍ വ്യോമസേനാ ഉപമേധാവിക്ക്. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വ്യോമസേനാ മെഡലും സ്വന്തമാക്കിയ രഘുനാഥ് നമ്പ്യാരെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.