ബെവ്‌കോ ആപ്, മണല്‍കടത്ത് അഴിമതി അന്വേഷിക്കണം : വിജിലന്‍സിന് വീണ്ടും കത്ത് നല്‍കി ചെന്നിത്തല

മണല്‍കടത്ത് അഴിമതി അന്വേഷിക്കണം

തിരുവനന്തപുരം : വിജിലന്‍സിന് വീണ്ടും കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോ ആപ്, മണല്‍കടത്ത് എന്നിവയുമായിബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍ കോഡ് എന്ന സ്വകാര്യ കമ്പനിയെ ഏര്‍പ്പെടുത്തിയതും, പമ്പ-ത്രിവേണിയില്‍ നിന്നുള്ള മണല്‍ നീക്കം സ്വകാര്യ കമ്പനികളെ ഏര്‍പ്പെടുത്തിയതും സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 28, ജൂണ്‍ ആറ് തീയതികളിലാണ് പ്രതിപക്ഷ നേതാവ് പരാതി നല്കിയത്. എന്നാല്‍ വിജിലന്‍സ് നടപടി സ്വീകരിക്കാത്തതിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടി എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച പുതിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.