സ്വര്‍ണകടത്ത് കേസ് : പൊലീസിന്റെ ഇന്റലിജന്‍സിന് സംഭവിച്ചത് വന്‍ വീഴ്ച

വന്‍ വീഴ്ച

തിരുവനന്തപുരം ; മൂക്കിന് കീഴെ നടന്ന സ്വര്‍ണകടത്തിനെ കുറിച്ച് ഒന്നും അറിയാതെ സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം. യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ആഭ്യന്ത്ര സെക്രട്ടറി ചെയര്‍മാനും ഇന്റലിജന്‍സ് എഡിജിപി കണ്‍വീനറുമായുള്ളതാണു കമ്മിറ്റി. എന്നിട്ടും എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നത് വരെ ജയഘോഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. സ്വര്‍ണകടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ജയഘോഷ് വിമാനത്താവളങ്ങളിലെ ബന്ധങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, പൊലീസുകാര്‍ക്കിടയില്‍ തന്നെ ഡിജിപിയേക്കാള്‍ അധികാരത്തോടെ പൊലീസിന്റെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുവെന്ന കഥകളുണ്ടായിട്ടും , എട്ട് വര്‍ഷത്തോളം വിമാനത്താവള ഡ്യൂട്ടിയില്‍ തന്നെ തുടര്‍ന്നിട്ടും ഇന്റലിജന്‍സ് ശ്രദ്ധ ആ വഴിക്ക് പോയതുമില്ല. ഇതില്‍ നിന്ന് തന്നെ വിമാനത്താവളങ്ങളില്‍ ഇന്റലിജന്‍സിന് വലിയ വീഴ്ചയാണുണ്ടായതെന്ന് വിലയിരുത്താന്‍ സാധിക്കും.
സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 83 നിരീക്ഷണ ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടി ഇന്നാരംഭിക്കും. പത്ത് ദിവസമെങ്കിലും കൊണ്ട് മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കു. 019 ജൂലൈ 1 മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സമയം പറയാത്തതിനാല്‍ എല്ലാ ദിവസത്തെയും 24 മണിക്കൂര്‍ ദൃശ്യങ്ങളും വേണ്ടിവരും.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും ഓഫിസില്‍ വന്നുപോയ ദൃശ്യങ്ങളാണ് എന്‍ഐഎ തിരയുന്നത്. സെക്രട്ടേറിയറ്റിനു പുറമേ കെടിഡിസി നിയന്ത്രണത്തിലുള്ള മാസ്‌കറ്റ് ഹോട്ടലിലെ ദൃശ്യങ്ങളും പരിശോധിക്കും.