ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ചൈനീസ് സൈന്യം ചില പട്രോളിങ് പോയിന്റുകളില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്ന് കവചിത വാഹനങ്ങളും എം777 155എംഎം ഹെവിറ്റ്സറുകളും 130എംഎം തോക്കുകളും ഇവിടെ എത്തിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ നടപടി. 1963 ല്‍ പാകിസ്ഥാന് ചൈനയ്ക്ക് കൈമാറിയ ഷക്സ്ഗം താഴ്വരയില് ചൈന മുപ്പത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ച് കഴിഞ്ഞു. ജി-219 ഹൈവേയില്‍ നിന്ന് ഷക്സ്ഗം റോഡ് വഴി കാരക്കോറം പാസിലേക്ക് പുതിയ പാത ചൈന നിര്‍മിക്കുമോയെന്ന ആശങ്ക ഇന്ത്യക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചുവെങ്കിലും ചൈനയുടെ നടപടിയെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. മാത്രമല്ല, ഡിബിഒയില്‍ ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ നവീകരിക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് പെട്ടെന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ചെറുക്കാനാണ് ടി-90 ടാങ്കുകള്‍ എത്തിച്ചിരിക്കുന്നത്.
2020-07-28