ആയിരം ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് ‘ഫസ്റ്റ്‌ബെല്‍’ : 15 ലക്ഷം രൂപ പരസ്യവരുമാനം

15 ലക്ഷം രൂപ പരസ്യവരുമാനം

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും വഴി ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ പരിപാടി ആദ്യ ഒന്നരമാസത്തിനിടയില്‍ ആയിരം ക്ലാസുകള്‍ സംപ്രേഷണം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് കാഴ്ചകള്‍ പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്ച്ചക്കാരുണ്ട്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപീകൃതമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു.