ഇന്ത്യൻ കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ (PC) പദവി നൽകുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. സേനയിലെ ഉയർന്ന ഉത്തരവാദിത്തങ്ങൾ വഹിക്കാൻ വനിതകളെ ശാക്തീകരിക്കുന്നതിന് വഴി തുറക്കുന്നതാണ് നടപടി. കര സേനയുടെ ഭാഗമായ 10 വിഭാഗങ്ങളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ (SSC) വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ(PC) പദവി നൽകുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. ബന്ധപ്പെട്ട വനിത ഓഫീസർമാർക്കായി പെർമനന്റ് കമ്മീഷൻ സെലക്ഷൻ ബോർഡ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കരസേനാ കാര്യാലയത്തിൽ മുൻകൂട്ടി തുടങ്ങിക്കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും, രേഖകളുടെ സമർപ്പണവും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ വനിതാ ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്ന മുറയ്ക്ക് സെലക്ഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരിയിലാണു ഉത്തരവിട്ടത്.
2020-07-24