കിഫ് ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ : കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം

kifb

കിഫ്ബിയുടെ കെ-ഫോൺ പദ്ധതിക്ക് വേണ്ടി വായ്പ സഹായവുമായി കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡ്.1061 കോടി രൂപയുടെ വായ്പക്കായുള്ള അനുമതി പത്രം
കിഫ്ബിക്ക് ഇന്നലെ കൈമാറി. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയാണ് ഇതെന്ന് കിഫ്ബി വ്യക്തമാക്കി. 30000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ് വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) ൽ ഉൾപ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചിലവ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കിഫ്ബി വ്യക്തമാക്കി.