ഭ്രാന്തന്‍ വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ്രാന്തന്‍ വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ആപൽഘട്ടത്തിൽ പൗരൻമാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണ കൂടത്തിന്റെയും അടിസ്‌ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധ കമ്പനികളുടെ കൊള്ളയടിക്ക് പൗരൻമാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഒരേ വാകിസിന് മൂന്നു തരം വില നിശ്‌ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ നീക്കം സമൂഹത്തില്‍ അസമത്വം സൃഷ്‌ടിക്കുമെന്നും ഇത് ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണെന്നും ചെന്നിത്തല ആരോപിച്ചു.കുറഞ്ഞ വിലയ്‌ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന വാക്‌സിൻ നീതിപൂര്‍വവും വിവേചന രഹിതമായും സംസ്‌ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.

വാക്‌സിൻ വിതരണത്തെയും ലഭ്യതക്കുറവിനെയും കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍ ആ ചുമതല സംസ്‌ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും ചെന്നിത്തല പറയുന്നു.പല സംസ്‌ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്‌ഥയാണ് ഉള്ളത്.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്‌ത ഫലമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്ത് കോവിഡ് ബാധ ഉണ്ടായിട്ട് ഒരു വര്‍ഷത്തിലേറെയായി. രണ്ടാം തരംഗമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പും നൽകിയിരുന്നു. എന്നിട്ടും ഓക്‌സിജൻ ഉല്‍പാദനം വർധിപ്പിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ല. ഇത് പൊറുക്കാനാവാത്ത തെറ്റാണ്. രോഗബാധ ഉണ്ടായാല്‍ ചികിൽസക്ക് എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. എന്തു കാരണത്താലും അത് നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.