കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽമേൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷം. സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

കേരള നിയമസഭ കൗരവ സഭയായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് സതീശൻ വ്യക്തമാക്കി.

ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ. വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.