ശ്രീനഗർ: ചരിത്രപരമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് പതാകകളുടെ തണലിൽ നിന്നുമാറി ഒറ്റ പതാകയുടെ കീഴിൽ കശ്മീരിലെ വോട്ടർമാർ ആദ്യമായി വോട്ട് ചെയ്യാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ കശ്മീരിലെ വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കുന്നത് രണ്ട് പതാകകളുടെ തണലിലല്ല, ത്രിവർണ്ണ പതാകയ്ക്ക് കീഴിലാണ്. അവിടെ രണ്ട് പ്രധാനമന്ത്രിമാരുണ്ടാകില്ല, ഒറ്റ പ്രധാനസേവകൻ മാത്രം. രാജ്യം മുഴുവനും ചേർന്ന് തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ ബിജെപി പോരാടുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിലെ ദളിതരുടെയോ മറ്റ് സമുദായങ്ങളുടെയോ സംവരണത്തിൽ സ്പർശിക്കാൻ പോലും കോൺഗ്രസിനെയോ മറ്റ് പാർട്ടിക്കാരെയോ അനുവദിക്കുകയില്ല. ഒരു കാര്യം അറിഞ്ഞുവച്ചോളൂ, നിങ്ങളെത്ര പരിശ്രമിച്ചാലും കാര്യമുണ്ടാകില്ല, പഹാദിയുടേയോ പകർവാളിന്റെയോ ദളിതിന്റെയോ സംവരണത്തിൽ തൊടാൻ നിങ്ങളെ അനുവദിക്കില്ലെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

