സർവജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്; വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കടകംപള്ളി സുരേന്ദ്രൻ. സർവജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആർക്കാണ് ധാർഷ്ട്യമെന്ന് അദ്ദേഹം ചോദിച്ചു. തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണ്. ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന് ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സഭയിൽ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. എന്നാൽ ധാർഷ്ട്യത്തിന് കയ്യും കാലും വയറും ഒക്കെ വെച്ചാൽ പ്രതിപക്ഷ നേതാവായെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.